ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കു മത്സരിക്കും. ചൗധരി അടക്കം 284 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു.
ബഹറാംപുർ മണ്ഡലത്തിലാണ് ചൗധരി മത്സരിക്കുക. കോൺഗ്രസിലേക്കു മടങ്ങിയെത്തിയ മുൻ തൃണമൂൽ എംപി മൗസം നൂർ മാലതിപുരിൽ ജനവിധി തേടും. ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്കാണു മത്സരിക്കുക.
മാധപ് റായ് (ഡാർജലിംഗ്), അബ്ദുൾ ഹന്നൻ (സുജാപുർ), സുസ്മിത ബിശ്വാസ് (ഡംഡം), ഗൗതം ഭട്ടാചാര്യ (ഡയമണ്ട് ഹാർബർ), സൗവിക് മുഖർജി (അസൻസോൾ ദക്ഷിൺ), സുമൻ റോയ് ചൗധരി (മണിക്താല) എന്നിവരാണ് സീറ്റ് ലഭിച്ച പ്രമുഖർ.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേർക്കു നേർ പോരാടുന്ന ഭവാനിപുരിൽ പ്രദീപ് പ്രസാദ് ആണു കോൺഗ്രസ് സ്ഥാനാർഥി. യുവനേതാവ് ജരിയാതുൽ ഹുസൈൻ പ്രസ്റ്റീജ് സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കും.